Friday, March 18, 2016

കുട്ടികളിലെ പനിയും ചുമയും വില്ലനാകരുതേ...

കുട്ടികളുടെ പ്രതിരോധ ശേഷി മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കാലാവസ്‌ഥ മാറുമ്പോള്‍, ആഹാര കാര്യങ്ങളില്‍ വ്യത്യാസമുണ്ടാകുമ്പോള്‍, കാറ്റു തട്ടുമ്പോള്‍, വെയിലടിക്കുമ്പോള്‍ തുടങ്ങിയ ചെറിയ മാറ്റങ്ങള്‍ കുട്ടികളില്‍ അസുഖമുണ്ടാക്കും. ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ശിശുക്കളില്‍ കാണപ്പെടുന്ന പൊതുവായ ആരോഗ്യ പ്രശ്നമാണ് പനി. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും.

എന്നാല്‍ പനിയോടൊപ്പം നന്നായി ശ്രദ്ധിക്കേണ്ടതാണ് കുട്ടികളിലെ ചുമയും കഫക്കെട്ടും. ഇത് കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ശ്വാസകോശ രോഗങ്ങള്‍ ബാധിക്കുകയും അത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. ജനിച്ച്‌ രണ്ടോ മൂന്നോ മാസം വരെ പ്രായമായ ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ അമ്മയുടെ ശരീരത്തില്‍ നിന്ന്‌ രക്‌തത്തിലൂടെയും മുലപ്പാലിലൂടെയും ലഭിച്ച ആന്റിബോഡികളുടെ സഹായംകൊണ്ട്‌ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കുമെങ്കിലും പിന്നീടുള്ള ആറുമാസത്തിനു ശേഷം കുട്ടികള്‍ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരും.

ജലദോഷപ്പനികളോടൊപ്പമാണ്‌ സാധാരണയായി ചുമ കാണപ്പെടാറ്‌. സാധാരണഗതിയില്‍ അസുഖം വരുമ്പോള്‍ രണ്ടുമൂന്നു ദിവസംകൊണ്ട്‌ തനിയെ കുറയും. എനാല്‍ കുട്ടികളെ വളരെവേഗം ബാധിക്കുന്ന റാസ്‌പിറേറ്ററി, സിന്‍സിറ്റല്‍ വൈറസ്‌, മെറ്റാ ന്യൂമോണോ വൈറസ്‌, ഇന്‍ഫ്‌ളൂവന്‍സി വൈറസ് തുടങ്ങിയവ ഗുരുതരമാകാന്‍ ഇടയുണ്ട്. കഠിനമായ പനി, ശ്വാസംമുട്ടല്‍, ചുമ, ഛര്‍ദി, പാല്‌ കുടിക്കാന്‍ മടി, മയക്കം, ഉന്മേഷക്കുറവ്‌ എന്നിവ കണ്ടാല്‍ ഡോക്ടറിനെ സമീപിക്കാന്‍ ഒരിക്കലും അമാന്തിക്കരുത്.

കാരണം ഇത്തരം രോഗാവസ്ഥകള്‍ ന്യുമോണിയയുടെ ആരംഭമാകാന്‍ സാധ്യതയുണ്ട്. കുട്ടികളെ അപകടകരമാംവിധം ബാധിക്കുന്ന മറ്റൊരു രോഗമാണ്‌ വില്ലന്‍ചുമ. കൃത്യമായി വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ്‌ വില്ലന്‍ചുമ വരാന്‍ സാധ്യത കൂടുതല്‍. ജലദോഷത്തോടൊപ്പമുണ്ടാകുന്ന ചുമ ക്രമേണ കൂടി ചുമച്ചുചുമച്ച്‌ ശ്വാസം നിന്നുപോകുന്ന അവസ്‌ഥയാണ്‌ വില്ലന്‍ചുമയുടെ ലക്ഷണം. അതിനാല്‍ കണ്മണിയുടെ പനിയും ചുമയും നിങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്നു എങ്കില്‍ വൈദ്യ സഹായം തേടാന്‍ ഒട്ടും സംശയിക്കേണ്ടതില്ല.

ജനനസമയത്തുള്ള തൂക്കക്കുറവ്‌, മാസം തികയാതെയുള്ള പ്രസവിക്കല്‍, മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരിക, വൃത്തിഹീനമായ അന്തരീക്ഷം, പുകവലിക്കാരുടെ സാമിപ്യം എന്നിവ കുട്ടികളില്‍ ചുമ, പനി, മറ്റ് ശ്വാസ കോശ രോഗങ്ങള്‍ ഉണ്ടാക്കുന്നു. നല്ല പോഷകാഹാരം, നല്‍കുന്നത്, കൃത്യമായി കുഞ്ഞുങ്ങള്‍ക്ക്‌ വാക്‌സിനുകള്‍ എടുക്കുന്നത്, കാറ്റും വെളിച്ചവും ധാരാളം ലഭിക്കുന്ന മുറികളില്‍ കുട്ടികളെ കിടത്തുന്നത്, പനിയോ ചുമയോ ഉള്ളവരെ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തുക, വീടിനുള്ളിലെ പുകവലി ഒഴിവാക്കല്‍ തുടങ്ങിയ മുന്‍ഃകരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ക്കുക രോഗം വരുന്നതിനേക്കാള്‍ വരാതെ നോക്കുന്നതിലാണ് കാര്യം..

വരാതെ തടയാം ഡെങ്കിപ്പനി

 
വിവിധ തരത്തിലുള്ള പനികളും ഡെങ്കിപനിയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞ 5 മാസത്തിനുള്ളില്‍ 82 കഴിഞ്ഞിരിക്കുകയാണ്. ഡെങ്കിപ്പനി പരത്തുന്ന വൈറസ് കൂടുതല്‍ മാരകമാകുന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പും നല്‍കി. 

തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്നം ഗുരുതരമാകുന്നു. ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. 

ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്‌ലറ്റ് എണ്ണം കുറയുകയും ചെയ്യും.
ഡെങ്കി വരാതെ തടയാന്‍

പരിസരം വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്. 

ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്. 

ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് 8 മുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു. 

കൊതുക് മറ്റൊരാളെ കടിക്കുമ്പോള്‍ വൈറസ് പകരും. ഇങ്ങനെ രോഗാണുവാഹകരായ കൊതുകുകള്‍ ജീവിതകാലം മുഴുവനും രോഗം പരത്തും. 65 ദിവസമാണ് ഈ കൊതുകിന്റെ ആയുസ്. മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകള്‍ ഗ്രന്ഥികളില്‍ എത്തുകയും അവിടെ നിന്ന് റെറ്റിക്കുലോ എന്‍ഡോത്തീലിയല്‍ സിസ്റ്റത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അവിടെ വളര്‍ന്ന് പെരുകുന്ന വൈറസുകള്‍ പിന്നീട് രക്തത്തിലേക്ക് വ്യാപിക്കുന്നു.

രക്തപരിശോധനയാണ് രോഗം തിരിച്ചറിയാന്‍ ചെയ്യേണ്ടത്. രോഗം പടരുന്ന സ്ഥലത്ത് പുറത്തിറങ്ങുമ്പോള്‍ കൈകാലുകളടക്കം മറയുന്ന വിധം വസ്ത്രം ധരിക്കുന്നത് കൊതുക്കടിയില്‍ നിന്ന് രക്ഷനല്‍കും. ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സിക്കുന്നതിന് പകരം ഡോക്ടറെ സമീപിക്കണം.

പപ്പായ തിന്നാല്‍ രണ്ടുണ്ട് കാര്യം

പണ്ടുമുതലെ എന്നുവച്ചാല്‍ പറങ്കികള്‍ കേരളത്തില്‍ എത്തിയ കാലത്തോളം പഴക്കമുണ്ട് പപ്പായക്ക്. മനുഷ്യ ശരീരത്തിലെ കൃമികളെ നീക്കം ചെയ്യാന്‍ പപ്പായയ്ക്ക് കഴിയുമെന്നതിനാല്‍ നമ്മുടെ നാട്ടിലെ നാട്ടുവൈദ്യം അറിയുന്നവര്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ കൃമികളെ കൊല്ലാന്‍ മാത്രമല്ല പ്രമേഹ രോഗികള്‍ക്കും കണ്‍‌കണ്ട പഴമാണ് പപ്പായ.  നാരുകളുടെ ആധിക്യവും ശരീരത്തിലെ പഞ്ചസാര നിയന്ത്രണവും മുള്ള പപ്പായയുടെ കഴിവ് പണ്ടേ ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചതാണ്.

എന്നാല്‍ അധികം പഴുക്കാത്ത പപ്പായ വേണം കഴിക്കാനെന്നുമാത്രം. അതേ സമയം പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കിയിരിക്കയാണ് പപ്പായ. ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പപ്പായയ്ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നൈട്രിക്ക് ഓക്സൈഡ് ശരിരത്തില്‍ രക്ത ചംക്രമണം പുഷ്ടിപ്പെടുത്തുകയും രക്തത്തിലെ ചത്ത കോശങ്ങളെയും പുറത്തുനിന്നും വന്ന അന്യ കൃമികീടങ്ങളെയും നശിപ്പിക്കുന്നതിനും സഹായിക്കുന്നതാണ്.

പ്രമേഹ രോഗികളില്‍ നൈട്രിക്ക് ഓക്സൈഡിന്റെ കുറവ് വല്ലാതെ കഷ്ടപ്പെടുത്തുന്നത് പ്രമേഹ രോഗികളേയാണ്. പ്രമേഹരോഗികളില്‍ വൃണങ്ങള്‍ മുലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. പ്രമേഹബാധിതരില്‍ 25 ശതമാനം രോഗികള്‍ക്ക് കാലിന്റെ ഉപ്പൂറ്റി ഭാഗത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ഇത്തരത്തിലുള്ള വൃണങ്ങള്‍ പലപ്പോഴും ഉണങ്ങാന്‍ സമയമെടുക്കുകയും ചെയ്യും. വ്യായാമം പാടെ അവഗണിക്കുന്നവരില്‍ രക്തചംക്രമണം തടസപ്പെടുന്നു. തന്മൂലം പലപ്പോഴും രോഗം വന്ന കല്‍പാത്തി മുറിച്ചു മാറ്റേണ്ട അവസ്ഥയില്‍ ചെന്നെത്തുന്നു. എന്നാല്‍ ഇത്തരം അവസ്ഥ ഒഴിവാക്കാന്‍ പപ്പായയ്ക്ക് കഴിയും.

ജപ്പാനിലെ ഒസടോ ഗവേഷണ കേന്ദ്രത്തില്‍  എലികളില്‍ കൃത്രിമമായി സൃഷ്ടിച്ച വ്രണങ്ങളില്‍ പുളിപ്പിച്ച പപ്പായ സത്ത് ഉപയോഗിച്ചപ്പോള്‍ അത്ഭുതകരമായ രീതിയില്‍ വൃണങ്ങള്‍ ഉണങ്ങുന്നതായി കണ്ടെത്തി. എറിക് കോല്ലര്‍ഡും സാശ്വതി റോയിയും ആണ് ഗവേഷണത്തിന് ചുക്കാന്‍ പിടിച്ചത് .പപ്പായ പേസ്റ്റ് ഉപയോഗിച്ചപ്പോള്‍ നൈട്രിക്ക് ഓക്സൈഡിന്റെ അഭാവം പരിഹരിക്കപ്പെടുകയും മുറിവ് ഉണങ്ങുകയും ചെയ്തു.

തൈര് കഴിക്കൂ... പ്രമേഹത്തെ മറന്നേക്കൂ...!


പ്രമേഹം ഇന്ന് മലയാളികളുടെ ജീവിത പ്രശ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം തന്നെ ഇപ്പോള്‍ കേരളമാണ് എന്ന നിലയിലാണ് കര്യങ്ങളുടെ കിടപ്പ്. എന്നാലും പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതികൂടി കൂടി വരുകയാണ്. ലോകത്തെമ്പാടുമുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിലും ഭീമമായ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി വൈദ്യ ശാസ്ത്രം ഉപയോഗിക്കുന്നത് ആകെ ഇന്‍സുലിന്‍ മാത്രമാണ്. 
 
എന്നാല്‍ ആധുനിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യരില്‍ പ്രമേഹം വരുത്തിവയ്ക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ആധുനിക ജീവിതശലികളും, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗവും പ്രമേഹത്തിന്റെ വാതായനങ്ങളാണ്. അതിനാല്‍ വൈറ്റ് കോളര്‍ ജോലിക്കാരുടെ ഇടയില്‍ പ്രമേഹം വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം വരുന്നതിനേക്കള്‍ അത് വരാതെ സൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ചികിത്സ. 
 
ലോകത്താകമാനം കണ്ടുവരുന്ന് പ്രമേഹരോഗികളില്‍ അധികം പേരും ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണത്തില്‍ വരുന്നവരാണ്‌. ടൈപ്പ് 2 എന്നത് പാന്‍ക്രിയാസിന് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാ‍ല്‍ പാന്‍ക്രിയാസിനെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ തൈരിന് സാധിക്കും എന്നാണ് ഇപ്പോള്‍ പുതിയതായി വരുന്ന ഗവേഷണ ഫലങ്ങള്‍. തൈരില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉണ്ട്. ഇതാണ് പാന്‍‌ക്രിയാസിനെ സംരക്ഷിക്കുന്നതില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ഘടകം.
 
ഫാസ്റ്റ് ഫുഡ്ഡുകള്‍ കഴിക്കുന്നതില്‍ നിന്നുണ്ടാകുന്ന വിഷാംശങ്ങള്‍ ശരീരകലകളെ ബാധിക്കാതെ തടയാന്‍ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. വളരെ നീണ്ടകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ്‌ ഗവേഷകര്‍ ഈ നിഗനത്തില്‍ എത്തിയത്‌.   ഡോക്ടര്‍മാര്‍ നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ് തുടങ്ങി പലരിലും പരീക്ഷണം നടത്തി. കൂട്ടത്തില്‍ ക്ഷീരോല്പന്നങ്ങള്‍ കഴിക്കുന്നതുകൊണ്ട് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യത തീരെക്കുറവാണ് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. 
 
മാത്രമല്ല ദിവസവും ഉപയോഗിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ വളരെ കുറവാണ് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദിവസവും 28 ഗ്രാം തൈരെങ്കിലും കഴിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.
 

എച്ച്ഐവിയെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഒറ്റമൂലി കണ്ടെത്തി...!

എച്ച്ഐവി (ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ്) മനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയെ ഹ്റ്റ്കര്‍ത്ത് മരണകാരണമാകുന്ന് എയിഡ്സ് എന്ന രോഗാവസ്ഥയിലെത്തിക്കുന്ന മാരക വൈറസാണ്. ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളയ്ക്കാന്‍ ഗവേഷകര്‍ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പരവേശനം തടഞ്ഞാല്‍  എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. ഇത് തടയാന്‍   ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച്.ഐ.വിയുടെ ദൗർബല്യം മുതലെടുക്കാമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ്  യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.

രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകർഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവർ വ്യക്തമാക്കി. ഈ സംയുക്തം കാൻസറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന് പ്രതീക്ഷയിലാണിവർ.

Thursday, March 17, 2016

വെണ്ണ, ഒരു വരം, ഒറ്റമൂലി

വെണ്ണയേക്കുറിച്ച് പലരും കരുതുന്നത് അത് കൊളസ്ട്രോള്‍ കൂട്ടുന്നതും ഉയര്‍ന്ന കലോറി മൂല്യം ഉള്ളതിനാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതും ആണെന്നാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, വിപണിയില്‍ ഇന്ന് ലഭിക്കുന്ന എണ്ണകള്‍ ലഭിക്കുന്നതിനു മുമ്പ് പണ്ട് കാലത്ത് മലയാളികള്‍ വറുക്കാനു പൊരിക്കാനും കൂടുതല്‍ ഉപയോഗിച്ചിരുന്നത് വെണ്ണയായിരുന്നു. അതിനാല്‍ വെണ്ണയെ തള്ളിക്കളയാന്‍ വരട്ടെ.

ഏറെ ഔഷധസമ്പുഷ്‌ടമായ പാലുല്‌പന്നമായ ദേഹത്തിന്‌ നിറവും ശക്‌തിയും ബലവും നല്‍കുന്ന ഒരു ഒറ്റമൂലിയാണെന്ന് പറഞ്ഞാല്‍ എത്രപേര്‍ക്കറിയാം. വെണ്ണയുടെ ഉപയോഗം വാതം, രക്‌തപിത്തം, അര്‍ശസ്‌, അര്‍ദിതം എന്ന വാതരോഗം, ക്ഷയം ഇവയെ ശമിപ്പിക്കുന്നതായി ആയുര്‍വേദം വിവരിക്കുന്നു. കൂടാതെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും വെണ്ണ അത്യുത്തമമാണത്രെ.

ജനിച്ച കുട്ടിക്ക്‌ വെണ്ണ തേച്ച്‌ വടിച്ചെടുക്കുന്നത്‌ നല്ലതാണ്‌. ഉറക്കക്കുറവിനും മനസിന്റെ പിരിമുറുക്കം കുറയ്‌ക്കുന്നതിനും വെണ്ണ പാദത്തിന്‌ അടിയില്‍ തേക്കുന്നത്‌ ഗുണകരമാണ്‌. ചെറുപയര്‍ വേവിച്ച്‌ വെണ്ണ ചേര്‍ത്ത്‌ കഴിക്കുന്നത്‌ കൈ പൊക്കാന്‍ കഴിയാത്ത വാതരോങ്ങളില്‍ വളരെ ഫലപ്രദമാണ്‌. വാഴയിലമേല്‍ വെണ്ണ പുരട്ടി തീപ്പൊള്ളലുള്ളിടത്ത്‌ പതിക്കാറുണ്ട്‌. വിറ്റാമിന്‍ ബിയുടെ കുറവു നിമിത്തം വരുന്ന ബെറി-ബെറി എന്ന ശരീരം ക്ഷീണിച്ചു പോകുന്ന രോഗാവസ്‌ഥകളില്‍ വെണ്ണ ധാരാളമായി ഉപയോഗിക്കുന്നത്‌ ഫലപ്രദമാണ്‌.

മലദ്വാരത്തിന്‌ സമീപം വിള്ളലുകള്‍ രൂപപ്പെട്ട്‌ വേദനയും രക്‌തംപോക്കും ഉണ്ടാകുന്ന അവസ്‌ഥകളില്‍ വെണ്ണ പുറമെ പുരട്ടാവുന്നതാണ്‌. കാല്‍പാദം വിണ്ടുകീറുന്നിടത്ത്‌ വെണ്ണ പുരുട്ടുന്നത്‌ ആശ്വാസകരമാണ്‌. കൈപ്പത്തിയും ചുണ്ടും വരണ്ടുപോകുകയും വിണ്ടുകീറുകയോ ചെയ്യുമ്പോള്‍ വെണ്ണ ഫലപ്രദമാണ്‌. പശുവിന്‍ വെണ്ണ ശിശുകള്‍ക്ക്‌ അമൃതുപോലെ ഗുണമുള്ളതായി വിവരിക്കുന്നു. അല്‍പം വെണ്ണയും പഞ്ചസാരയും ചേര്‍ത്തു കൊടുത്താല്‍ രക്‌തം തുപ്പുന്നതിനു പരിഹാരമാകും. വയറുവേദനയുള്ളപ്പോള്‍ വെണ്ണ എരിക്കിന്റെ ഇലയില്‍ തേച്ച്‌ വയറ്റത്‌ പതിച്ചിട്ടാല്‍ വേദന മാറും. നോക്കൂ ഇത്രയും ഗുണങ്ങളുള്ള അടുക്കളയിലെ ഈ വിരുതനെ അത്രക്കങ്ങ് വെറുക്കണോ?

നെല്ലിക്ക ശരീരത്തിന് ഗുണം


നെല്ലിക്ക ശരീരത്തിന് ഗുണം

വീഡിയോ കാണാം